Powered By Blogger

എന്റെ ചേറൂര്

എന്റെ ചേറൂര്. കാടും, തോടും, മാവും, പ്ലാവും, പൂവും, പുല്ലും, വയലും, കുളവും, ഇലഞ്ഞിയും, എല്ലാമെല്ലാം തികഞ്ഞ എന്റെ ചേറൂര്. അങ്ങാടിയില്‍ നിന്നും ബസ്സിറങ്ങി വലത്തോട്ടുള്ള പൊട്ടിപ്പൊളിഞ്ഞ ടാറിട്ട റോഡിലൂടെ മുന്നോട്ടു നടക്കുമ്പോള്‍ ആദ്യം ചെന്നെത്തുന്ന വളവില്‍ ‘ചെറുവില്‍’ക്കാരുടെ വലിയ നിരതന്നെ കാണാം. മച്ചും, മാളികയും ഉള്ള പഴയ തറവാട്. വലത് വശത്തെ പുളിമരച്ചുവട്ടില്‍ പഴുത്ത് ഉണങ്ങിയ പുളിയുടെ മനം മയക്കുന്ന വാസന. ഗൈറ്റു തുറന്ന് വേഗം പുളിമരത്തിന്റെ ചുവട്ടിലെത്തി കണ്ണുകള്‍ അങ്ങോട്ടുമിങ്ങോട്ടും പരതി. ഒരുത്തനെയെങ്കിലും കണ്ട് പിടിച്ചു വായില്‍ വെള്ളം വരുത്തിച്ചേ അവിടുന്ന് മടങ്ങുകയുള്ളൂ. പുളിയും പൊളിച്ചുതിന്ന്‍ മടങ്ങുംമ്പോഴാവും അവിടുത്തെ ഉമ്മാമന്റെ ചോദ്യം “പെണ്ണേ... നീ ഇപ്പൊ വരുന്ന വഴിയാണോ..” "ഉം..” “സെക്കിയുണ്ടോ...” ''ഉം... അകത്തുണ്ട് ” “സക്കീ....... സക്കീ.......”. നീട്ടി വിളിച്ചു വിളിച്ചതും സെക്കി പുറത്തുവരും. ‘സെക്കി’ ഞാന്‍ അവളെ വിളിക്കുന്ന പേരാണ്. മുഴുവന്‍ പേര്‌ ‘സക്കീന‘ സെക്കിയോടല്‍പ്പം കിന്നാരം പറഞ്ഞ് അവിടുന്ന് മുങ്ങുമ്പോള്‍ വായില്‍ കിടന്ന പഴുപ്പെല്ലാം കഴിഞ്ഞ പുളിങ്കുരു ചവച്ചു പൊട്ടിക്കുന്ന തിരക്കിലാകും ഹാജിയാരുടെ മാമ വാഴത്തോട്ടത്തില്‍ നിന്നും വിളി “പെണ്ണേ........ നീ ഇപ്പൊ വരുന്നവഴിയാണോ"..? "അതെ ഹാജിയാര്‍ മാമാ.." ഹാജിയാര്‍ മാമാന്റെ ഇളയ സന്തതി ആസ്യാമുവും ഞാനും ഉറ്റ സ്നേഹിതര്‍. ഏഴാം ക്ലാസ്സുവരെ പഠിച്ചത് ഉമ്മാന്റെ വീട്ടില്‍. അന്ന് ഉള്ള കൂട്ടുകാരെ എല്ലാം വിട്ട് സ്കുളില്‍ നിന്നും വെട്ടി ഉപ്പാന്റെ നാട്ടിലേക്ക് ചേര്‍ക്കുമ്പോള്‍ ഉമ്മാനോട് പറഞ്ഞതാ... എല്ലാ വ്യാഴാഴ്ചയും ഞാന്‍ ചേറൂര്‍ പോകും എന്ന്. അങ്ങനെ ആഴ്ചയില്‍ ഉമ്മമ്മാന്റെ അടുത്തേക്ക് വരുന്ന വഴിയാ........ ആസിയാമുനെ കണ്ട് ഹാജിയാര്‍ മാമാന്റെ വയലിലെ അരുവിയില്‍ കുളിക്കാനും, നിറഞ്ഞ് നില്‍ക്കുന്ന കിണറ്റില്‍ ചാടാനും കൊതി വെച്ചാണ് ഇവിടെ വരുന്നത്. ഞാന്‍ ഉമ്മമ്മാനെ പോയി കണ്ടിട്ട് കുളിക്കാന്‍ വരാം എന്നും പറഞ്ഞ് നടന്നു. ചെറിയൊരു കയറ്റം കഴിഞ്ഞ് കുന്നിന്‍ മുകളില്‍ തലയെടുപ്പോടെ നില്‍ക്കുന്ന ഇരു നിലമാളിക. മുറ്റം നിറയെ ഞാന്‍ വെച്ച്‌ പിടിപ്പിച്ച മല്ലികപൂക്കള്‍, വെയിലില്‍ തിളങ്ങുന്ന ചുവന്ന വാടകാപൂവ് പല നിറത്തിലുള്ള സീസന്‍ ഫ്ലവറുകള്‍, കായ്ച്ചു നില്‍ക്കുന്ന ചുവന്ന ചാമ്പക്ക. എല്ലാമെല്ലാം വെച്ച്‌ പിടിപ്പിച്ചത് ഞാനാണെന്ന് പറയുമ്പോള്‍ അല്‍പം സന്തോഷത്തിന്റെ മാഞ്ഞാളം. ഞാന്‍ ചെല്ലുന്നതും കാത്ത് പടിവാതിലില്‍ ഇരിക്കുന്ന എന്റെ ഉമ്മാമ്മ എന്നെ കണ്ടതും നറും തേനിന്റെ മധുരമുള്ള പുഞ്ചിരി സമ്മാനിക്കും. ഈ ആയുസ്സ് മൊത്തം ഓര്‍ക്കാന്‍ എനിക്കാ ചിരി മതിയാകും. പിന്നെ എന്റെ വക ചുളിവ് വീണ ആ പൊന്‍ കവിളില്‍ ഒരു ഉമ്മ. ചിരിച്ചു. സന്തോഷത്തോടെയുള്ള ആ ചിരിയില്‍ തന്നേ ഉമ്മുമ്മയെ വീഴ്ത്തും. “ഉമ്മുമ്മാ... ഞാന്‍ ഹാജിയാര്‍ മാമാന്റെ തോട്ടില്‍ കുളിക്കാന്‍ പോട്ടെ....? ആസിയാമു വരാന്‍ പറഞ്ഞു..” . “മ്മാടെ കുട്ടി ഇപ്പൊ വന്നിട്ടല്ലേ ള്ളൂ... പിന്നെ പോകാം” “വേണ്ടാ... ഞാനിപ്പൊ വരാം..” അയലില്‍ കിടക്കുന്ന മുണ്ടും എടുത്ത്‌ ഹാജിയാര്‍ മാമാന്റെ തോട്ടിലോട്ട് ഓടി. ആസിയാമുവും ഞാനും ഓടുന്നത് കണ്ടാല്‍ ഹാജിയാര്‍ മാമാന്റെ ചീത്ത കേള്‍ക്കാം. “ചാടിക്കളിച്ച് ജലദോഷം വന്നാല്‍ രണ്ടിനെയും മൂലക്കല്‍ ഇട്ട് ചവിട്ടും ഞാന്‍” ഇല്ല ഒച്ചപോലെ ആളത്രയ്ക്ക് ഭയങ്കരി അല്ല. പാവമാ.. ആസിയാമൂന്റെ ചെറുപ്പത്തില്‍ തന്നെ ഉപ്പ ഹാജിയാര്‍ മരിച്ചു. അവളുടെ വീട്ടിലെ വരാന്തയില്‍ നീണ്ട് കിടക്കുന്ന ചാരു കസേര കാണുമ്പോള്‍ അവള്‍ പറയും "ന്റെ ബാപ്പാന്റെ ചാരു കസേരയാ” ആസിയാമൂന്റെ ഉമ്മ അതവിടുന്ന് എടുത്ത് മാറ്റാന്‍ സമ്മതിക്കില്ല. പാവം ഹാജിയാര്‍ മാമ നല്ല മനസ്സുള്ളവരാ.. ആസിയാമുവിനും എനിക്കും പിന്നീടുള്ള ജോലി മീന്‍ പിടുത്തം. കറുകറുത്ത മീനുകളെ പിടിച്ച് കുപ്പിയിലാക്കുമ്പോള്‍ അവള്‍ അതിന് പേരിടും “ഇത് മുജ്ജ്, മണ്ട, പരല്‍, കടു” കുപ്പിയില്‍ നിറയെ പലതരത്തിലുള്ള മീനുകള്‍. എല്ലാം കഴിഞ്ഞ് പിന്നീട് കുളി. വെള്ളത്തില്‍ ചാടിച്ചാടി തണുത്ത് വിറച്ച് പല്ലുകള്‍ കൂട്ടിയിടിക്കുമ്പോള്‍ അവിടുന്ന് മടങ്ങും. വീട്ടിലെത്തിയാല്‍ ഉമ്മമ്മാന്റെ വക പരിഭവം, ചീത്ത. “നിന്നെ ഞാന്‍ കണ്ടോ പെണ്ണേ... നീ അപ്പോഴേക്കും തെണ്ടാന്‍ പോയി. എന്തിനാ ന്റെ കുട്ടി വെള്ളത്തില്‍ ചാടാനാ വരണ്..” ചോദ്യം കേട്ട ഭാവമില്ല. ഞാന്‍ കൂടുതല്‍ നല്ല കുട്ടിയെ പോലെ അഭിനയിക്കും . പിന്നെ ചൂടുള്ള ചായയും എള്ളുണ്ടയും. എല്ലാവര്‍ക്കും കിട്ടിയ ഓഹരിക്ക് പുറമേ ആരും കാണാതെ ഉമ്മമ്മാന്റെ വക ഒന്നുകൂടി എനിക്ക് കൂടുതല്‍. പിന്നെ മാമന്‍ മാരുടെ കുട്ടികളോടൊപ്പം കളിയും ചിരിയും. ഒരാള്‍ കൂടുതല്‍ സംസാരിക്കില്ല. മറ്റൊരാള്‍ എന്നെകാളും മുതിര്‍ന്നവളും. അവളുമായി കൂട്ട് കൂടും. അന്നൊക്കെ ടിവി കാണാനായി അടുത്ത വീട്ടിലെ കുട്ടികളെല്ലാം എത്തുമായിരുന്നു. രാത്രിവരെ ടിവിക്ക് മുന്നില്‍ കുത്തിയിരിക്കുന്നതിന് അമ്മാവന്റെ വക അടിയും വാങ്ങും. എല്ലാം കഴിഞ്ഞ് രാത്രിയിലെ ചോറിന്റെ കൂടെ അമ്മായിയുടെ സ്പെഷ്യല്‍ ചീനമുളക് ചമ്മന്തി. “ഹാവൂ...... എരി.... നല്ല എരി.... ഉമ്മമ്മാ..... വെള്ളം വെള്ളം” ചീത്ത വീണ്ടും റെഡി “എല്ലാം കൂടി കുത്തി കേറ്റണോ...” പിന്നെ എരിവ് സഹിക്കാന്‍ വയ്യാതെ വാ പൊളിച്ചു കീഴ്‌പ്പോട്ട് വെക്കും. തുറന്നിരിക്കുന്ന വായിലൂടെ ഉമിനീര് പുറത്ത് ചാടും. കുറെ ചാടി കഴിഞ്ഞാല്‍ എരിവ് പോകും. പിന്നെ വീണ്ടും മുളക് ചമ്മന്തി. പിന്നെ പേരിനൊരു പല്ലുതേപ്പ് കഴിഞ്ഞ് ഉമ്മമ്മാന്റെ കരിമ്പടത്തിലെ.... ആഹാ... സുഖ നിദ്ര. ഉമ്മമ്മാന്റെ മാര്‍ദ്ദവമായ വയറിനെ ഒട്ടികിടക്കുമ്പോള്‍ വാല്‍സല്യത്തിന്റെ നിഷ്‌കളങ്കമായ ചൂടില്‍ ഞാന്‍ മയങ്ങി. പുറത്ത് മഴ ശക്തിയായി പെയ്‌ത് പെരുമ്പറ മുഴക്കി. ഓടിന്‍ പുറത്ത് വീഴുന്ന മഴത്തുള്ളികള്‍. അരിച്ച് വരുന്ന തണുപ്പില്‍ ഒന്നുകുടെ അണച്ച് കിടത്തുന്ന ഉമ്മുമ്മയുടെ മനസ്സ് നിറയെ സ്നേഹമായിരുന്നു. എല്ലാം ഇന്ന് ഓര്‍ക്കുമ്പോള്‍ പടിവാതിലില്‍ എന്നെ കാത്തിരിക്കുന്ന ഉമ്മമ്മയും കുന്നിന്‍ പുറത്തെ ഓടിട്ട വീടും അപ്രത്യക്ഷമായിരിക്കുന്നു. പകരം ഇരുനിലയില്‍ കൊട്ടാരം പോലുള്ള വീടും കട്ടപതിച്ച മുറ്റവും ബാക്കി. എങ്കിലും ഓര്‍മ്മക്ക് വേണ്ടി ഹാജിയാര്‍ മാമാന്റെ തോട് ബാക്കിയുണ്ടല്ലോ എന്ന ആശ്വാസം!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ