Powered By Blogger

ഊരകം തിരുവര്‍ച്ചനാംകുന്ന്‌ ക്ഷേത്രം

ഏറനാടന്‍ മലനിരകളെ തഴുകിത്തലോടി അറബിക്കടലിന്റെ അലമാലകളെ മുത്തം വെക്കാനോടുന്ന കടലുണ്ടിപ്പുഴയിലേക് പാദസരം കിലുക്കി ചെറിയ മൂളിപ്പാട്ടോടെ ഒഴുകുന്ന ചേറൂര്‍ തോടിനോട് ചാരിയുള്ള സുന്ദര ഗ്രാമം..ഇവിടെയാണെന്റെ ജന്മദേശം .തെങ്ങോലകള്‍ തോരണം തൂക്കിയ നെല്‍വയലുകള്‍ പച്ച പരവതാനി വിരിച്ച ഗ്രാമീണ ശാലീനതയും സാഹോദര്യത്തിന്റെ മലപ്പുറം പൈതൃകത്തിനു ഏറെ സംഭാവനകള്‍ അര്‍പ്പിക്കുന്ന സാമൂഹികാന്തരീക്ഷവും ചേറൂരിന്‍റെ സുകൃതമാണ്.
മലകളും താഴ്വരകളും കാണാന്‍ സഞ്ചാരികള്‍ ഏറെ എത്തുന്ന ഊരകം മല. ഈ മല കയറിയാല്‍ കരിപ്പൂര്‍ എയര്‍ പോര്‍ട്ടില്‍ ആകാശ നൗക താഴ്ന്നിറങ്ങുന്നതും ഉയര്‍ന്നു പൊങ്ങുന്നതും അത്ഭുതപ്പെടുത്തുന്ന കാഴ്ചയാണ്. മലബാറിന്റെ കാഴ്ചഗോപുരം എന്നു വിശേഷിപ്പിക്കുന്ന മലയ്ക്കു മുകളില്‍ നിന്നു നോക്കി മലബാറിന്റെ പ്രകൃതി ആസ്വദിക്കാം. അഞ്ഞൂറു വര്‍ഷം പഴക്കമുള്ള ക്ഷേത്രം സന്ദര്‍ശിക്കാം. സാഹസിക സഞ്ചാരികളോടാണ് ഊരകം മലയ്ക്കുപ്രിയം
ഊരകം ഗ്രാമത്തിനു അതിപുരാതനമായ ഒരു സാംസ്കാരികചരിത്രമുണ്ട്. രാജഭരണത്തിന്റെയും ജന്മിത്വത്തിന്റെയും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെയും ചൂഷണത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിച്ചവരാണ് ഊരകത്തെ സാധാരണ ഗ്രാമീണ ജനത. ഗ്രാമത്തിന്റെ നാനാഭാഗങ്ങളിലായി കിടക്കുന്ന നിരവധി മുസ്‌ലിം ആരാധനാലയങ്ങളില്‍ മുന്നൂറിലധികം വര്‍ഷം പഴക്കമുള്ള നെല്ലിപ്പറമ്പ് ജുമാമസ്ജിദ് ആണ് ഏറെ പഴക്കവും പ്രശസ്തിയുമുള്ളത്. പ്രശസ്തരായ പാണക്കാട് പൂക്കോയതങ്ങള്‍, മതപണ്ഡിതരായ കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാര്‍ എന്നിവരെ പോലുള്ള പല പ്രമുഖരും ഈ മസ്ജിദില്‍ നിന്ന് മതവിദ്യാഭ്യാസം നേടിയവരാണ്. പ്രാചീന വാസ്തുശില്പവിദ്യയുടെ മകുടോദാഹരണമാണ് ഈ പള്ളി.ഊരകത്തിന്റെ ആത്മീയ രംഗത്ത് നിറഞ്ഞു നിന്ന ഒ കെ അബ്ദുറഹിമാന്‍ കുട്ടി മുസ്‌ലിയാര്‍ ഈ പള്ളിയങ്കനത്തിലാണ് അന്ത്യ വിശ്രമം കൊള്ളുന്നത്‌. ഇന്നും പഴയ രീതിയില്‍ തന്നെ സംരക്ഷിക്കപ്പെടുകയും ആചാരാനുഷ്ഠാനങ്ങള്‍ അതേ രീതിയില്‍ തുടരുകയും ചെയ്യുന്ന പള്ളിയാണിത്.ഊരകം മലയുടെ നെറുകയിലാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള തിരുവര്‍ച്ചനാംകുന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇതുകൂടാതെ ഗ്രാമത്തിന്റെ നാനാഭാഗങ്ങളില്‍ നിരവധി ക്ഷേത്രങ്ങള്‍ വേറേയുമുണ്ട്.
ഊരകത്തിന്റെ ഭൂമി ശാസ്ത്രം >
ചെങ്കുത്തായ മലഞ്ചരിവുകളും, ചെങ്കല്ലുകള്‍ നിറഞ്ഞ കുന്നിന്‍ പ്രദേശങ്ങളും, മലനിരകളില്‍ നിന്നും ഒഴുകിവരുന്ന കൊച്ചരുവികളും, പച്ചപ്പട്ടു വിരിച്ച പാടങ്ങളും കൊണ്ടനുഗ്രഹീതമാണ് ഈ പ്രദേശം. ഒരുകാലത്ത് കൊടുംവനമായിരുന്നതും വന്യജീവികളുടെ വിഹാരരംഗമായിരുന്നതുമായ ഈ പ്രദേശങ്ങളില്‍ വന്യജന്തുക്കളുടെ പേരിനെ അനുസ്മരിപ്പിക്കുന്ന കരിമ്പീലി, പന്നിപ്പാറ, മുള്ളന്‍ മടക്കല്‍, ആനക്കല്ല് തുടങ്ങിയ ധാരാളം സ്ഥലനാമങ്ങളുണ്ട്. വന്യജീവികളില്‍ ഇന്നവശേഷിക്കുന്ന ഏക വര്‍ഗ്ഗമായ കുരങ്ങുകളെ ഊരകം മലയില്‍ ഇപ്പോഴും അപൂര്‍വ്വമായി കാണാം. “മലമടക്കുകള്ക്കകത്ത് കിടന്ന ഊര്” ആയതുകൊണ്ടാവാം ഇവിടം “ഊരകം” ആയതെന്ന് അനുമാനിക്കാം. ഊരകംമല പണ്ടുകാലത്ത് പോരാളികളുടെ ഒളിത്താവളമായിരുന്നു. ഈ പഞ്ചായത്തിന്റെ ഭൂമിശാസ്ത്രസവിശേഷതകളായ കുന്ന്, പാറ, ചാലുകള്‍ , തോടുകള്‍ , പറമ്പ് എന്നിവയുമായി ബന്ധപ്പെട്ടാണ് ഒട്ടേറെ സ്ഥലനാമങ്ങള്‍ ഇന്നും അറിയപ്പെടുന്നത്. ഉയര്‍ന്ന മലമ്പ്രദേശങ്ങളും, സമതലങ്ങളും, പാടശേഖരങ്ങളും നിറഞ്ഞതാണ് ഊരകം പഞ്ചായത്ത്. പഞ്ചായത്തിന്റെ തെക്കേയതിര്‍ത്തിയിലൂടെ കടലുണ്ടിപ്പുഴ പടിഞ്ഞാറേക്കൊഴുകുന്നു.

സാമൂഹ്യ ചരിത്രം >
പഴയ കാലത്ത് ഓത്തുപള്ളികളിലൂടെയും എഴുത്തുതറകളിലൂടെയും വിദ്യാഭ്യാസം ലഭിച്ച ഒട്ടേറെ പ്രതിഭകള്‍ ഊരകം പഞ്ചായത്തില്‍ ഉണ്ടായിട്ടുണ്ട്. ഇവരില്‍ അദ്വിതീയനായിരുന്നു മഹാകവി വി.സി. ബാലകൃഷ്ണപ്പണിക്കര്‍ . പ്രമുഖ മുസ്‌ലിം പണ്ഡിതനും ആത്മീയനേതാവുമായിരുന്ന മാട്ടില്‍ അലവി മുസ്‌ലിയാര്‍ 1855-ല്‍ ഊരകത്താണ് ജനിച്ചത്. സയ്യിദ് കെ.കെ.പൂകോയതങ്ങള്‍ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ ആത്മീയ രംഗങ്ങളില്‍ നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു
അതിരുകള്‍ >
വടക്ക് മൊറയൂര്‍ , നെടിയിരുപ്പ് പഞ്ചായത്തുകള്‍, തെക്ക് ഒതുക്കുങ്ങല്‍, പറപ്പൂര്‍ പഞ്ചായത്തുകള്‍, കിഴക്ക് മലപ്പുറം മുനിസിപ്പാലിറ്റി, ഒതുക്കുങ്ങല്‍ പഞ്ചായത്ത് പടിഞ്ഞാറ് വേങ്ങര, കണ്ണമംഗലം പഞ്ചായത്തുകള്‍ എന്നിവ ചേര്‍ന്ന് ഊരകം ഗ്രാമ പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ പങ്കിടുന്നു.

1 അഭിപ്രായം:

  1. മലപ്പുറം ജില്ലയിലെ ഓരോ ഗ്രാമത്തിനും ഉണ്ട് ഇത് പോലെ മോനോഹരവും അറിഞ്ഞിരിക്കെണ്ടാതുമായ ചരിത്രം..പുതിയ തലമുറയ്ക്ക് ഇത്തരം ചരിത്രങ്ങള്‍ കുറെ നന്മകളും പാഠങ്ങളും നല്കുമെന്നതില്‍ സംശയമില്ല..നാട്ടിലെ പ്രായം ചെന്നവരുമായി ഒന്ന് സംവതിച്ചാല്‍ ഒരു പാട പഴയകാല കഥകള്‍ ലഭിക്കും..അതും കൂടി പോസ്റ്റിയാല്‍ അതൊരു സല്കര്‍മമായിരിക്കും. നന്മകള്‍ നേരുന്നു

    മറുപടിഇല്ലാതാക്കൂ