Powered By Blogger

വരൂ, നമുക്ക് പൂമ്പാറ്റകളെ നിരീക്ഷിക്കാം


ചിത്രശലഭങ്ങളെ ഇഷ്ടപ്പെടാത്തവരുണ്ടാവില്ല. അവയുടെ വര്‍ണച്ചിറകുകള്‍ക്ക് എന്തൊരഴകാണ്! തൊടികളിലും പൂന്തോട്ടങ്ങളിലും അവ തെന്നിത്തെന്നി പറക്കുന്നതു കാണാന്‍ എന്തു രസം! ഈ 'പറക്കുന്ന രത്‌നങ്ങളെ' കാണാനും ഒന്നു തൊടാനും നിങ്ങള്‍ക്കും കൊതി തോന്നാറില്ലേ പക്ഷിനിരീക്ഷണംപോലെ അറിവും ആഹ്ലാദവും പകരുന്ന ഒരു വിനോദമാണ് ശലഭ നിരീക്ഷണം. ലോകത്തെമ്പാടുമായി പൂമ്പാറ്റനിരീക്ഷണം വിനോദമായി സ്വീകരിച്ച നിരവധി കൂട്ടുകാരുണ്ട്. ശലഭനിരീക്ഷണത്തിനു കാട്ടില്‍ പോകണമെന്നില്ല. ഒന്നു തൊടിയിലോ പൂന്തോട്ടത്തിലോ ഇറങ്ങിയാല്‍ മതി. വൈവിധ്യമാര്‍ന്ന പൂമ്പാറ്റകളെ കാണാം. ഇലകളിലോ പൂക്കളിലോ വന്നിരിക്കുമ്പോള്‍ അവയെ സസൂക്ഷ്മം നിരീക്ഷിക്കാന്‍ കഴിയും.

പൂമ്പാറ്റകളെ നിരീക്ഷിക്കുമ്പോള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്? ഒന്നാമതായി അവയുടെ ചിറകിലെ നിറങ്ങള്‍ ശ്രദ്ധിച്ചു മനസ്സിലാക്കണം. നിറങ്ങള്‍ നോക്കിയാണ് പൂമ്പാറ്റകളെ തിരിച്ചറിയുക. ചിറകിന്റെ പുറത്തും അടിയിലും കാണുന്ന നിറങ്ങള്‍ ഒരേപോലെ ആകണമെന്നില്ല. ശലഭം ഇരിക്കുമ്പോള്‍ കാണാത്ത നിറങ്ങള്‍ പറക്കുമ്പോള്‍ കണ്ടെന്നു വരാം. മുന്‍ ചിറകിലെയും പിന്‍ചിറകിലെയും നിറങ്ങള്‍ക്കു വ്യത്യാസമുണ്ടാകാം. പിന്നെ ചിറകുകളില്‍ വരകളോ പുള്ളികളോ മറ്റ് അടയാളങ്ങളോ ഉണ്ടോ എന്നു നോക്കാന്‍ മറക്കരുത്. 

നമ്മുടെ നാട്ടിലെ ഒരു സുന്ദരശലഭമാണ് വിലാസിനി (Common Jezebel). ഇതിന്റെ ചിറകിന്റെ പുറത്തെ നിറങ്ങളേക്കാള്‍ തിളക്കം അടിയിലെ നിറങ്ങള്‍ക്കാണ്. ചിറകില്‍ വെള്ളയും മഞ്ഞയും ചുവപ്പും നിറത്തിലുള്ള പുള്ളികളും കറുത്ത വരകളും കാണാം. വിലാസിനി ഒരു ഭാഗ്യവതിയാണ്. കാരണം അവളുടെ ദേഹത്ത് വിഷമുളളതിനാല്‍ പക്ഷികള്‍ പിടിച്ചുതിന്നാറില്ല. 
കേരളത്തില്‍ കണ്ടുവരുന്ന ഒരു അഴകാര്‍ന്ന ശലഭമാണ് ചുട്ടിമയൂരി (Paris Peacock). ഇതിന്റെ പിന്‍ചിറകുകളില്‍ ആകാശനീലപോലെ ഓരോ വലിയ പൊട്ടു കാണാം.
ശലഭങ്ങളുടെ ചിറകിന്റെ ആകൃതിയും നിരീക്ഷിക്കണം. ചിറകോരം വൃത്താകൃതിയിലോ കോണാകൃതിയിലോ ആകാം. ചില പൂമ്പാറ്റകളുടെ പിന്‍ചിറക് നീണ്ട് വാല്‍പോലെയിരിക്കും. ഉദാഹരണത്തിനു നമ്മുടെ നാട്ടിലെ ചക്കരശലഭത്തിന്റെ (ഇൃശാീെി ഞീലെ) പിന്‍ചിറകുകള്‍ ഒരു വാലുപോലെ ഇത്തിരി പിറകോട്ടു നീണ്ടിരിക്കും. വംശനാശഭീഷണി നേരിടുന്ന ഒരു ശലഭമാണിത്. ചിറകറ്റം കോണാകൃതിയിലുള്ള ഒരു ശലഭമാണ് നീലക്കുടുക്ക (Common Blue Bottle).

പൂമ്പാറ്റകള്‍ ഒറ്റയ്ക്കാണോ അതോ കൂട്ടമായിട്ടാണോ സഞ്ചരിക്കുന്നത് എന്നു നോക്കണം. കൂട്ടമായിട്ടാണെങ്കില്‍ ഒരു കൂട്ടത്തില്‍ ഏതാണ്ട് എത്രയെണ്ണം കാണുമെന്ന് തിട്ടപ്പെടുത്തുക. അരളിശലഭത്തെ (Common Indian Crow) മിക്കപ്പോഴും കൂട്ടമായിട്ടാണ് കണ്ടുവരുന്നത്.

എല്ലാ ശലഭങ്ങളും ഒരേ രീതിയിലാണോ പറക്കുന്നത്? അല്ലേയല്ല. തെന്നിപ്പറക്കുന്നവ, ഒഴുകിപ്പറക്കുന്നവ, മിന്നിമറഞ്ഞ് പറക്കുന്നവ, ഉയര്‍ന്നും താണും പറക്കുന്നവ... എന്നിങ്ങനെ പലവിധത്തില്‍ പറക്കുന്ന ചിത്രശലഭങ്ങളുണ്ട്. ഇടയ്ക്കിടെ മാത്രം ചിറകടിച്ച് വായുവിലൂടെ ഒഴുകിപ്പറക്കുന്ന ശലഭമാണ് പൊന്തച്ചുറ്റന്‍ (Common Sailer). എന്നാല്‍ നീലക്കുടുക്ക വളരെ വേഗത്തിലാണ് പറക്കുക.

ശലഭങ്ങള്‍ വന്നിരിക്കുന്ന ചെടികളെ തിരിച്ചറിയാന്‍ ശ്രമിക്കണം. മൂന്നാവശ്യങ്ങള്‍ക്കാണ് പൂമ്പാറ്റകള്‍ ചെടികളില്‍ വിരുന്നുവരുന്നത്- തേന്‍ നുകരാന്‍, ചെടിച്ചാറ് കുടിക്കാന്‍, മുട്ടയിടാന്‍. ചില ശലഭങ്ങള്‍ ചിലയിനം ചെടികളില്‍ മാത്രമേ മുട്ടയിടാറുള്ളൂ. കാരണം മുട്ട വിരിഞ്ഞുവരുന്ന ശലഭപ്പുഴുക്കള്‍ക്ക്(Larva) ഈ ചെടിയുടെ ഇലകള്‍ മാത്രമേ ഭക്ഷിക്കാന്‍ കഴിയൂ. ശലഭങ്ങള്‍ മുട്ടയിടാനായി തിരഞ്ഞെടുക്കുന്ന സസ്യങ്ങളെയാണ് അവയുടെ ആതിഥേയസസ്യങ്ങള്‍ അഥവാ ആഹാരസസ്യങ്ങള്‍ (Food Plants) എന്നു വിളിക്കുന്നത്. നാരകച്ചെടികളാണ് നമ്മുടെ നാട്ടിലെ നാരകശലഭങ്ങളുടെ (Lime Butterflies) ആഹാരസസ്യങ്ങള്‍. അരളിസസ്യങ്ങളുടെ അതിഥികളാണല്ലോ അരളിശലഭങ്ങള്‍.

പൂമ്പാറ്റകള്‍ സന്ദര്‍ശിക്കുന്ന ചെടിയുടെ ഇലകള്‍ പരിശോധിക്കാന്‍ മറക്കരുതേ. ഇലകളില്‍ അവയുടെ മുട്ടകളോ പുഴുക്കളോ പ്യൂപ്പയോ കണ്ടെന്നു വരാം. മുട്ടകളുണ്ടെങ്കില്‍ അവയുടെ നിറവും ആകൃതിയും എണ്ണവും നോക്കണം. പുഴുവിനെ കണ്ടാല്‍ അതിന്റെ നിറവും വലിപ്പവും രൂപവും ആഹാരവും നിരീക്ഷിക്കണം. പ്യൂപ്പയുണ്ടെങ്കില്‍ അതിന്റെ നിറവും വലിപ്പവും രൂപവും മനസ്സിലാക്കുക. മുട്ട വിരിഞ്ഞ് പുഴുവായത് എത്ര ദിവസംകൊണ്ടാണ്? പുഴു പ്യൂപ്പയാകാനും പ്യൂപ്പ പൊട്ടിച്ച് ശലഭം പുറത്തുവരാനും എത്ര നാളെടുത്തു? എന്നും നിരീക്ഷിച്ച് കണ്ടെത്തുക.

ചിത്രശലഭങ്ങളെ കാണുന്ന സമയവും കാലവും ഓര്‍ക്കണം. മിക്ക ശലഭങ്ങളും കാലത്തും വൈകീട്ടുമാണ് സജീവമാകുക. എന്നാല്‍ ചിലയിനം ഉച്ചവെയിലത്തും പറന്നുനടക്കുന്നതു കാണാം. അതേപോലെ ചിലതിനെ വേനല്‍ക്കാലത്താണ് ധാരാളമായി കണ്ടുവരുന്നത്. കാലത്തും വൈകുന്നേരവും പറന്നുനടക്കാനാണ് കരിയിലശലഭത്തിന് (Common Evening Brown) ഇഷ്ടം. കരിയിലകള്‍ക്കിടയില്‍ ഇരിക്കുമ്പോള്‍ ഇത് എളുപ്പത്തില്‍ ശത്രുക്കളുടെ കണ്ണില്‍ പെടില്ല. വെയിലത്തു പാറിനടക്കാന്‍ കൊതിക്കുന്ന ശലഭമാണ് ചുട്ടിമയൂരി. പക്ഷികളെപ്പോലെ ചിത്രശലഭങ്ങളിലും ദേശാടകരുണ്ട്. ഇത്തരം ശലഭങ്ങളെ ഒരിടത്തുതന്നെ എക്കാലത്തും കാണാന്‍ കഴിയില്ല. നമ്മുടെ നാട്ടിലെ വരയന്‍കടുവ (Striped Tiger), അരളിശലഭം തുടങ്ങിയവ ദേശാടകരാണ്.

പക്ഷികളെ തിരിച്ചറിയുന്നതിനേക്കാള്‍ എളുപ്പത്തില്‍ നമ്മുടെ ചിത്രശലഭങ്ങളെ തിരിച്ചറിയാം. പക്ഷേ, മറ്റു ശലഭങ്ങളെ അനുകരിക്കുന്ന ചില വിരുതന്മാരുണ്ട്. ഉദാഹരണത്തിന് ചോലവിലാസിനി (Painted Sawtooth) എന്ന ചിത്രശലഭത്തെ കണ്ടാല്‍ വിലാസിനി ആണെന്നേ തോന്നൂ. ചോലവിലാസിനി ഒരു വനവാസിയാണ്; അപൂര്‍വവുമാണ്. അതേപോലെ വഴനപ്പൂമ്പാറ്റ (Common Mime) അരളി ശലഭത്തേയും നീലക്കടുവയേയും അനുകരിക്കാറുണ്ട്.

ചിത്രശലഭങ്ങളെ പിടിക്കാതിരിക്കാന്‍ കൂട്ടുകാര്‍ പ്രത്യേകം ശ്രദ്ധിക്കണം. അഥവാ നിരീക്ഷണത്തിനായി പിടിച്ചാല്‍ത്തന്നെ ഉടനെ പറപ്പിച്ചുവിടാന്‍ മറക്കരുത്. അവയുടെ മുട്ടകളും പുഴുക്കളും ആഹാരസസ്യങ്ങളും നശിപ്പിക്കരുത്. കാരണം നമ്മുടെ ചിത്രശലഭങ്ങള്‍ പലതും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. വനനശീകരണവും കീടനാശിനികളുടെ അമിതപ്രയോഗവുമാണ് ഈ വര്‍ണവിസ്മയങ്ങളുടെ നാശത്തിനു മുഖ്യകാരണങ്ങള്‍.

ശലഭനിരീക്ഷണത്തിലൂടെ കൂട്ടുകാര്‍ക്ക് പ്രകൃതിയെ അടുത്തറിയാം; അടുത്തറിയുമ്പോള്‍ പ്രകൃതിയെ സ്‌നേഹിക്കും; സ്‌നേഹിക്കുമ്പോള്‍ സംരക്ഷിക്കും.

നിരീക്ഷണത്തിന് ഇറങ്ങുമ്പോള്‍
ശലഭനിരീക്ഷണത്തിനായി പോകുമ്പോള്‍ ഒപ്പം എന്തൊക്കെ കരുതണമെന്നു നോക്കാം:
നോട്ട് ബുക്ക് :നിരീക്ഷണക്കുറിപ്പുകള്‍ ഇതില്‍ രേഖപ്പെടുത്തണം. ഒന്നും വിട്ടുകളയരുതേ.
പെന്‍സിലും ഇറേസറും:പറ്റുമെങ്കില്‍ ചിത്രശലഭങ്ങളുടെ രേഖാചിത്രം വരയ്ക്കുക. ചിറകിലെ പ്രധാനനിറങ്ങള്‍ അടയാളപ്പെടുത്തുക.
കൈപ്പുസ്തകം:ചിത്രശലഭങ്ങളെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഏതെങ്കിലും പുസ്തകം കരുതുക.
ബൈനോക്കുലര്‍ :വേണമെന്നു നിര്‍ബന്ധമില്ല. ദൂരത്തെ ശലഭങ്ങളെ നിരീക്ഷിക്കാന്‍ സഹായിക്കും.

പൂവും പൂമ്പാറ്റയും
ഈ വല്ലിയില്‍നിന്നു ചെമ്മേ പൂക്കള്‍ 
പോവുന്നിതാ പറന്നമ്മേ!
തെറ്റീ! നിനക്കുണ്ണി ചൊല്ലാം നല്‍പ്പൂ- 
മ്പാറ്റകളല്ലേയിതെല്ലാം.

കുമാരനാശാന്റെ പ്രസിദ്ധമായ ഈ വരികള്‍, പൂവിന്റെയും പൂമ്പാറ്റയുടെയും വര്‍ണഭംഗിയെ വെളിപ്പെടുത്തുന്നുണ്ട്. പൂവുകളെപ്പോലെ സുന്ദരികളാണ് പൂമ്പാറ്റകളും. പൂക്കളോടൊപ്പം പൂമ്പാറ്റകളെ കാണുന്ന ചന്തം ഒന്നു വേറെതന്നെ. 

എന്തിനാണ് പൂമ്പാറ്റകള്‍ പൂക്കള്‍ സന്ദര്‍ശിക്കുന്നത്? പൂക്കളും പൂമ്പാറ്റകളും ഉറ്റ ചങ്ങാതിമാരാണെന്നു പറയാം. പരസ്​പരം സഹകരിച്ചുകഴിയുന്ന ചങ്ങാതിമാര്‍. പൂക്കള്‍ പൂമ്പാറ്റകളെ നറുതേന്‍ നല്കി സല്‍ക്കരിക്കുന്നു. പകരം പൂക്കളുടെ പരാഗണത്തിനു പൂമ്പാറ്റകള്‍ സഹായിക്കുന്നു. പ്രകൃതിയിലെ ഇത്തരം ബന്ധങ്ങളെയാണ് സഹജീവനം (Symbiosis) എന്നു വിളിക്കുന്നത്. തേന്‍ നുകരുമ്പോള്‍ പൂമ്പൊടികള്‍ പൂമ്പാറ്റകളുടെ ദേഹത്തു പറ്റിപ്പിടിക്കും. ഇവ വീണ്ടും ചെന്നിരിക്കുന്ന പൂക്കളില്‍ പൂമ്പൊടികള്‍ എത്തും. ഇങ്ങനെയാണ് പൂമ്പാറ്റകള്‍ പൂക്കളില്‍ പരാഗണം നടത്തുന്നത്.

പൂമ്പാറ്റകള്‍ക്ക് പൂക്കളുടെ നിറങ്ങള്‍ തിരിച്ചറിയാന്‍ കഴിയും. എന്നാല്‍ മണമറിയാനുള്ള കഴിവ് പരിമിതമാണ്. നല്ല നിറമുള്ള പൂക്കളാണ് കൂടുതല്‍ പൂമ്പാറ്റകളെ ആകര്‍ഷിക്കുന്നത്. പത്തൊമ്പതാംനൂറ്റാണ്ടിലെ ഒരു പ്രശസ്ത ശാസ്ത്രജ്ഞനായിരുന്നു മുള്ളര്‍. പൂക്കളും പൂമ്പാറ്റകളും തമ്മിലുള്ള രസകരമായ ബന്ധം അദ്ദേഹം നിരീക്ഷിച്ചിട്ടുണ്ട്. ബ്രസീലിലെ മഴക്കാടുകളില്‍ ഒരിനം അരിപ്പൂക്കളുണ്ട് (Lantana flowers). മൂന്നു ദിവസമാണ് ഈ കൊച്ചുപൂക്കളുടെ ആയുസ്സ്. ഒന്നാംദിവസം ഈ പൂക്കള്‍ക്ക് മഞ്ഞനിറമാണ്. രണ്ടാംദിവസം ഓറഞ്ചുനിറവും മൂന്നാംനാള്‍ വയലറ്റ്‌നിറവുമായിരിക്കും. ഓറഞ്ചുനിറമുള്ള പൂക്കളില്‍നിന്നു മാത്രമേ പൂമ്പാറ്റകള്‍ തേന്‍ നുകരാറുള്ളൂ. എന്തുകൊണ്ടാണ് മഞ്ഞപ്പൂക്കളും വയലറ്റ്പൂക്കളും ശലഭങ്ങള്‍ ഇഷ്ടപ്പെടാത്തത്? മഞ്ഞപ്പൂക്കളിലാണ് പൂമ്പൊടികള്‍ പരാഗണത്തിനു പാകമായിരിക്കുക. മഞ്ഞപ്പൂക്കളില്‍ നിറയെ തേനും കാണും. പൂമ്പാറ്റകള്‍ക്ക് നിറങ്ങള്‍ തിരിച്ചറിയാന്‍ കഴിയുമെന്നതിനു തെളിവുകൂടിയാണ് ഈ സംഭവം.

പൂമ്പാറ്റകളുടെ തുമ്പിക്കൈയുടെ നീളവും പൂവിന്റെ തേന്‍നാളിയുടെ നീളവും തമ്മില്‍ ബന്ധമുണ്ട്. നീണ്ട തുമ്പിക്കൈയുള്ള പൂമ്പാറ്റകള്‍ നീണ്ട തേന്‍നാളിയുള്ള പൂക്കളില്‍ നിന്നാണ് തേന്‍ നുകരുക. കുറിയ തുമ്പിക്കൈയുള്ളവ നീളം കുറഞ്ഞ തേന്‍നാളിയുള്ള പൂക്കളില്‍നിന്നാണ് തേന്‍ നുകരുന്നത്.

ചെടികളില്‍ പൂവുകളുടെ സ്ഥാനം ശലഭങ്ങളെ സ്വാധീനിക്കാറുണ്ട്. ചെടിയില്‍ ഉയര്‍ന്നു നില്ക്കുന്ന പൂക്കളിലാണ് ഏറ്റവും കൂടുതല്‍ ശലഭങ്ങള്‍ തേനുണ്ണാന്‍ എത്തുന്നത്. ചെരിഞ്ഞുനില്ക്കുന്ന പൂക്കളില്‍ കുറച്ചു ശലഭങ്ങളേ സന്ദര്‍ശകരായെത്തൂ. താഴോട്ടു നോക്കിനില്ക്കുന്ന പൂക്കളില്‍ എത്തുന്ന പൂമ്പാറ്റകള്‍ തീരെ കുറവായിരിക്കും.
പല ജാതി പൂക്കളില്‍നിന്നു തേന്‍ നുകരുന്ന ശലഭങ്ങളുണ്ട്. എന്നാല്‍ ചില ശലഭങ്ങള്‍ ചില പ്രത്യേകയിനം പൂക്കളില്‍നിന്നു മാത്രമേ തേന്‍ നുകരാറുള്ളൂ. ഇനി വീട്ടുവളപ്പില്‍ ധാരാളം പൂച്ചെടികള്‍ വെച്ചുപിടിപ്പിക്കുമല്ലോ. പൂവുകള്‍ സന്ദര്‍ശിക്കാന്‍ എത്തുന്ന പൂമ്പാറ്റകളെ നിരീക്ഷിക്കാനും മറക്കരുത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ